ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളുടെയും ചില രാഷ്ട്രീയ സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിജെപി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി.വൈ.വിജയേന്ദ്ര, കേന്ദ്രമന്ത്രിമാരായ വി.സോമണ്ണ, അര്‍ജുന്‍ റാം മെഘ്വാള്‍ തുടങ്ങിയവര്‍ വിവാഹചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ബെംഗളൂരു സൗത്തില്‍നിന്നുള്ള ലോക്സഭാ അംഗമാണ് തേജസ്വി സൂര്യ.
ചെന്നൈ സ്വദേശിയായ കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്. 1996 ആഗസ്റ്റില്‍ ജനിച്ച ശിവശ്രീ മൃദംഗവാദകനായ സ്‌കന്ദപ്രസാദിന്റെ മകളാണ്. മൂന്ന് വയസ്സുമുതല്‍ സംഗീതത്തിലും നൃത്തത്തിലും പരിശീലനം ആരംഭിച്ചു. പിതാവ് തന്നെയായിരുന്നു ആദ്യഗുരു.
ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളജില്‍ സംസ്‌കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. കര്‍ണാടക സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
2014 ല്‍ ശിവശ്രീ പാടി റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’ ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഈ ഗാനം മോദിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം പ്രശംസയുമായി രംഗത്ത് വരികയായിരുന്നു.
‘ശിവശ്രീ സ്‌കന്ദപ്രസാദിന്റെ ആലാപനം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയര്‍ത്തിക്കാട്ടുന്നു. ഇത്തരം ശ്രമങ്ങള്‍ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനെ വളരെയേറെ സഹായിക്കുന്നു’ – എന്നാണ് വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചത്.
കലയിലുടെയും സംസ്‌കാരത്തിലുടെയും ജനങ്ങളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ‘ആഹുതി’ എന്ന കൂട്ടായ്മയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ. സംഗീതം, നൃത്തം, ചിത്രംവര, നെയ്ത്ത്, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയവ ആഹുതിയുടെ നേതൃത്വത്തില്‍ പരിശീലിപ്പിക്കുന്നുണ്ട്.
ചിദംബരം നടരാജ സ്വാമി ക്ഷേത്രത്തില്‍ 8000 നര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച നൃത്താര്‍ച്ചനയ്ക്ക് 2018 ല്‍ ഭരതകലാ ചൂടാമണി പുരസ്‌കാരം നല്‍കി ശിവശ്രീയെ ആദരിച്ചിരുന്നു. മുംബൈ ശങ്കരാലയ സമാജത്തിന്റെ ഭക്തിഗാന കോകില, ചെന്നൈ ഭരത കാലാചരത്തിന്റെ യുവ കലാ ഭാരതി തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.