പാരമ്പര്യത്തെ മറികടക്കാനും സമൂഹത്തിന്‍റെ സമ്മർദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനും ചൈനീസ് യുവത്വം പുതിയ വിവാഹ രീതിയെ തെരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ട്. സുഹൃത്തുക്കൾ തമ്മിലുള്ള വിവാഹമാണ് ചൈനയില്‍ പ്രചാരം തേടുന്ന പുതിയ വിവാഹരീതി. ഇത് വിവാഹിതരാകുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ അത് പോലും തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബങ്ങൾ തമ്മില്‍ ഉറപ്പിക്കുന്ന വിവാഹങ്ങളെക്കാളും പ്രണയിക്കുന്നവർ തമ്മിലുള്ള വിവാഹങ്ങളെക്കാളും ഇപ്പോൾ ചൈനീസ് യുവത്വം സുഹൃത്തുക്കളെ വിവാഹം കഴിക്കുന്നതിലാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്.
പരമ്പരാഗത കുടുംബ സമ്മർദ്ദങ്ങളും സാമൂഹിക മുൻവിധികളും മറികടക്കുന്നതിനും ‘സൗഹൃദ വിവാഹം’ എന്നറിയപ്പെടുന്ന പുതിയ പ്രവണത ശക്തിപ്രാപിക്കുകയാണെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം പരമ്പരാഗത വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, സൗഹൃദ വിവാഹങ്ങൾ പ്രണയത്തെയോ ലൈംഗിക ആകർഷണത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് പൊതുവായ മൂല്യങ്ങളിലും കൂട്ടുകെട്ടിലും അത് അധിഷ്ഠിതമാണ്. നിയമപരമായി ഇണകളായി അംഗീകരിക്കപ്പെട്ട ഈ ദമ്പതികൾ പലപ്പോഴും ഒരുമിച്ച് താമസിക്കുന്നു. പക്ഷേ, ഇരുവരും പ്രത്യേകം കിടപ്പുമുറികൾ നിലനിർത്തുന്നു. അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ മറ്റുള്ളവരുമായി ഡേറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, കൂടാതെ അവർ കുട്ടികളുണ്ടാകാൻ തീരുമാനിച്ചാൽ, ദത്തെടുക്കൽ അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനം തെരഞ്ഞെടുക്കാനും കഴിയും.
ലൈംഗിക, പ്രണയ കാര്യങ്ങളില്‍ വ്യക്തികളെ തൃപ്തിപ്പെടുത്തുന്ന, സൗഹൃദ ബന്ധങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ഏജന്‍സികൾ ഇപ്പോൾ തന്നെ ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചൈന ഇക്കാര്യത്തില്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ചോങ്‌കിംഗിൽ നിന്നുള്ള 20 കളുടെ അവസാനമെത്തിയ മെയ്‌ലാൻ എന്ന സ്ത്രീ നാല് വര്‍ഷം മുമ്പ് തന്‍റെ ഉറ്റ സുഹൃത്തുമായി സൗഹൃദ വിവാഹ നടത്തിയതാണ്. ഇരുവരും കുട്ടുകൾ വേണ്ടെന്ന തീരുമാനത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. “ഞാനും എന്‍റെ ഭർത്താവും ഒരുമിച്ച് താമസിക്കുന്ന റൂംമേറ്റുകളാണ്, പക്ഷേ ഞങ്ങൾ ഒരു കുടുംബവുമാണ്,” മെയ്‌ലാൻ പറയുന്നു.
ഷാങ്ഹായിൽ നിന്നുള്ള 33 കാരിയായ ക്ലോയി, കഴിഞ്ഞ വർഷമാണ് തന്‍റെ സര്‍വകലാശാല സുഹൃത്തിനെ വിവാഹം കഴിച്ചത്. ‘എന്‍റെ പ്രായത്തിലുള്ള സ്ത്രീകൾ എല്ലാവരും വിവാഹിതരാകുകയും കുട്ടികളുണ്ടാകുകയും ചെയ്യുന്നു, എന്നാല്‍, സൗഹൃദപരമായ വിവാഹം ഗോസിപ്പുകൾ ഒഴിവാക്കാൻ സഹായിക്കുന്നു.’വെന്ന് ക്ലോയി പറയുന്നു. ഇത്തരം വിവാഹങ്ങളില്‍ ഇരുവര്‍ക്കും മറ്റേയാളുടെ കുടുംബ കാര്യങ്ങളില്‍ പോലും ഇടപെടേണ്ടതില്ലെന്ന സൌകര്യം കൂടിയുണ്ടെന്നും ക്ലോയി ചൂണ്ടിക്കാണിക്കുന്നു. ഭർത്താവുമായി പങ്കിട്ടേണ്ട ചെലവുകൾ, സ്വതന്ത്ര സ്വത്തിന്‍റെ ഉടമസ്ഥാവകാശം, ബന്ധുക്കളെ സന്ദർശിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ തുടങ്ങി മറ്റ് ബന്ധങ്ങളെ വിശദീകരിക്കുന്ന ഒരു വിവാഹപൂർവ കരാറിൽ ഭര്‍ത്താവുമായി ഒപ്പ് വച്ചെന്നും ക്ലോയി അവകാശപ്പെട്ടു. അതേസമയം ഈ കരാറില്‍ ഒരു വിവാഹമോചനവും ഉൾക്കൊള്ളുന്നു. ആര്‍ക്കെങ്കിലും ഒരാൾ തങ്ങളുടെ യഥാര്‍ത്ഥ പ്രണയം കണ്ടെത്തുകയോ ഇതുമല്ലെങ്കില്‍ ഒരു പരമ്പരാഗത വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുമ്പോൾ തങ്ങൾ വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഈ കരാര്‍ അനുവദിക്കുന്നതായും ക്ലോയി കൂട്ടിച്ചേര്‍ക്കുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.