ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങള്‍ക്കായി യുഎസിലെ മുന്‍ ഭരണകൂടം അനുവദിച്ചിരുന്ന 21 ദശലക്ഷം ഡോളര്‍ ഗ്രാന്റ് ‘ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്’ ആണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകന്‍. ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിലെ ‘ഡോജ്’ വകുപ്പിന്റെ മേധാവിയായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യയ്ക്കുള്ള ഗ്രാന്റ് വെട്ടിയതോടെയാണു സംഭവം ചര്‍ച്ചയും വിവാദവുമായത്.
സര്‍ക്കാര്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഡോജിന്റെ (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) ചെലവു ചുരുക്കല്‍ നയത്തിന്റെ ഭാഗമായാണു മസ്‌കിന്റെ നടപടി. ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ബാഹ്യ ഇടപെടലിന്റെ സൂചനയാണു യുഎസ് ഇപ്പോള്‍ നിര്‍ത്തലാക്കിയ ഗ്രാന്റെന്നു ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്താണു ബാഹ്യ ഇടപെടലിന് അവസരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെയാണു പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാല്‍ രംഗത്തെത്തിയത്. ”മനുഷ്യ ചരിത്രത്തിലെ വലിയ തട്ടിപ്പാണിത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങള്‍ക്കായി യുഎസിന്റെ 21 ദശലക്ഷം ഡോളര്‍ സ്വീകരിച്ചത് ആരാണെന്നു കണ്ടെത്തണം.”- സഞ്ജീവ് സന്യാല്‍ പറഞ്ഞു.
ഇത്തരത്തില്‍ യുഎസ് ഫണ്ട് വന്നിരുന്നെന്ന ആരോപണം 2010-12 കാലയളവില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ്.വൈ.ഖുറേഷി ഇന്നലെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് സംവിധാനം ശക്തമാക്കാനായി രാജ്യാന്തര തിരഞ്ഞെടുപ്പ് സംവിധാനവുമായി (ഐഎഫ്ഇഎസ്) ധാരണ ഉണ്ടായിരുന്നെങ്കിലും അതില്‍ സാമ്പത്തിക ഇടപാടോ പണ വാഗ്ദാനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.