നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ തൃപ്തനാണോ? ലോകത്തിലെ ഏറ്റവും തൃപ്തി തോന്നിക്കാത്ത ജോലികൾ ഏതൊക്കെയാണ്? എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷകരാണ് എസ്റ്റോണിയൻ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഈ പഠനം നടത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് പേരിൽ നിന്നാണ് ഇതിനായി വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. രക്തദാതാക്കളിൽ നിന്നായി 59,000 പേരെയും 263 ജോലികളും വിശകലനം ചെയ്ത സംഘം അവരിൽ നിന്നും അവരുടെ ജോലി, ശമ്പളം, വ്യക്തിത്വം, ജോലിയിലെ സംതൃപ്തി എന്നിവയെ കുറിച്ചെല്ലാം വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ഈ വിശദാംശങ്ങൾ പരിശോധിക്കുന്നതിലൂടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തൃപ്തി തരുന്നതും ഏറ്റവും കുറവ് തൃപ്തി തരുന്നതുമായ ജോലികളാണ് ഗവേഷകർ കണ്ടെത്തിയത്. പഠനമനുസരിച്ച്, ഏറ്റവും സംതൃപ്തി നൽകുന്ന ജോലികളിൽ പൗരോഹിത്യം, വൈദ്യശാസ്ത്രം, എഴുത്ത് എന്നിവയാണ് ഉൾപ്പെടുന്നത്.
അതേസമയം, അടുക്കളജോലി, ഗതാഗതം, സ്റ്റോറേജ്, നിർമ്മാണം, വിൽപ്പന എന്നിവയാണ് ഏറ്റവും കുറവ് തൃപ്തി തരുന്ന ജോലികൾ എന്നും ഗവേഷകർ പറയുന്നു. കരിയർ മാത്രമല്ലാതെ ആകെ ജീവിത സംതൃപ്തിയും പരിഗണിക്കുമ്പോൾ, മെഡിക്കൽ പ്രൊഫഷണലുകൾ, മനഃശാസ്ത്രജ്ഞർ, സ്പെഷ്യൽ നീഡ്സ് ടീച്ചർ, ഷീറ്റ്-മെറ്റൽ തൊഴിലാളികൾ, എഞ്ചിനീയർമാർ എന്നിവരുടെ സംതൃപ്തി ഉയർന്നതാണത്രെ. അതേസമയം സെക്യൂരിറ്റി ഗാർഡുകൾ, വെയിറ്റർമാർ, വിൽപ്പന തൊഴിലാളികൾ, മെയിൽ കാരിയർമാർ, മരപ്പണിക്കാർ, കെമിക്കൽ എഞ്ചിനീയർമാർ എന്നിവരുടെ അവസ്ഥ തിരിച്ചാണ്.
അതേസമയം, അതിശയകരമായ മറ്റൊരു കാര്യം ഉയർന്ന വരുമാനവും ജോലി തരുന്ന ഈ തൃപ്തിയും തൃപ്തിക്കുറവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല എന്നാണ് ഗവേഷകർ പറയുന്നത്. വളരെ ചെറിയ തരത്തിലാണ് അത് ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. വലിയ നേട്ടങ്ങളുണ്ടാക്കുന്ന ജോലികൾ ഉയർന്ന സംതൃപ്തി നൽകുന്നു. അതുപോലെ ചെറിയ ചെറിയ ജോലികൾക്ക് വരേയും ആളുകളെ തൃപ്തരാക്കാൻ സാധിക്കുന്നുണ്ട് എന്നും പഠനത്തിന് നേതൃത്വം നൽകിയ കാറ്റ്ലിൻ ആനി പറഞ്ഞു.
അതുപോലെ, സ്വന്തമായി എന്തെങ്കിലും നടത്തുകയോ ചെയ്യുകയോ ഒക്കെ ചെയ്യുന്നവർക്കും ജോലിയിൽ തൃപ്തിയുണ്ട്. എങ്കിലും, എല്ലാ ജോലിയേയും ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തത്തിൽ വിലയിരുത്താൻ ആവില്ലെന്നും ആനി പറഞ്ഞു. ന്യൂ സയന്റിസ്റ്റിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.