ഭോപ്പാല്‍: വിവാഹവാഗ്ദാനം നല്‍കി പോലീസ് ഉദ്യോഗസ്ഥയെ 13 വര്‍ഷത്തോളം ശാരീരികമായി ഉപയോഗിച്ചു എന്ന പരാതിയില്‍ പട്ടാളക്കാരനെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. നിലവില്‍ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ ജോലി ചെയ്യുന്ന വരുണ്‍ പ്രതാപ് സിങ് (48) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് മനസിലാക്കിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മധ്യപ്രദേശ് പോലീസില്‍ കോണ്‍സ്റ്റബിളായ 42-കാരി പീഡന പരാതിയുമായി ഭോപ്പാല്‍ സിറ്റി പോലീസിനെ സമീപിച്ചത്. എഫ്ഐആറില്‍ പറയുന്നത് പ്രകാരം; 2012-ലാണ് യുവതി വരുണിനെ പരിചയപ്പെടുന്നത്. ഈ സമയം ആര്‍മി ക്യാന്റീനില്‍ ജോലി ചെയ്യുന്ന ‘അവിവാഹിതനായ’ ചെറുപ്പക്കാരന്‍ എന്നുപറഞ്ഞാണ് വരുണ്‍ യുവതിയുമായി അടുപ്പത്തിലായത്. ഇതേവര്‍ഷം ഡിസംബര്‍ 25-ന് വരുണ്‍ യുവതിയെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
വിവാഹം കഴിക്കാം എന്ന ഉറപ്പുനല്‍കിയാണ് വരുണ്‍ യുവതിയെ ശാരീരികബന്ധത്തിന് സമ്മതിപ്പിച്ചത്. പിന്നാലെ, 2013-ലാണ് വരുണ്‍ വിവാഹിതനാണെന്ന് യുവതി അറിയുന്നത്. ഇതിനെക്കുറിച്ച് ചോദ്യംചെയ്തപ്പോള്‍, വരുണ്‍ ഇക്കാര്യം സമ്മതിക്കുകയും വിവാഹമോചനത്തിന് ശ്രമിക്കുകയാണ് എന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇവര്‍ വീണ്ടും ബന്ധം തുടര്‍ന്നു. അതേസമയം, വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വരുണ്‍ ഓരോ ഒഴിവുകഴിവുകള്‍ പറയാന്‍ തുടങ്ങി. മാതാപിതാക്കള്‍ക്ക് സുഖമില്ല, ജോലിപരമായ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഇയാള്‍ വിവാഹക്കാര്യം മാറ്റിവെച്ചുകൊണ്ടിരുന്നത്.
വര്‍ഷങ്ങള്‍ കടന്നുപോയി, ഒടുവില്‍ 2025 ഫെബ്രുവരി 24-നാണ് വരുണിന് നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായി യുവതി മനസിലാക്കിയത്. അവരെയെല്ലാവരേയും വരുണ്‍ വിവാഹവാഗ്ദാനം നല്‍കി ശാരീരികമായി ഉപയോഗിക്കുക കൂടി ചെയ്തിരുന്നതായി മനസിലാക്കിയതോടെ യുവതി പ്രതികരിച്ചു. നിലവില്‍ ആര്‍മി സര്‍വീസ് കോര്‍പ്സില്‍ ജോലി ചെയ്യുന്ന വരുണിനെ ബന്ധപ്പെട്ട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ യുവതിയുമായി വഴക്കിടുകയും ഇപ്പോള്‍ വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ യുവതി നിയമപരമായി നീങ്ങുമെന്ന് വരുണിന് മുന്നറിയിപ്പ് നല്‍കി.
തനിക്കെതിരെ പരാതി നല്‍കുകയോ, കേസുമായി മുന്നോട്ടുപോവുകയോ ചെയ്താല്‍ കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി വരുണിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. വരുണിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 69, 351 (2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതായി ഭോപ്പാല്‍ പോലീസ് വിമന്‍ സെക്യൂരിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ നിധി സക്സേന പറഞ്ഞു. വരുണിന്റെ ആര്‍മി യൂണിറ്റിനെ വിവരം അറിയിച്ചിട്ടുണ്ട്. അയാളായി ചോദ്യംചെയ്യലിന് ഹാജരായാല്‍ നല്ലത്. അല്ലാത്ത പക്ഷം പട്ടാളത്തിന്റെ പ്രത്യേക അനുമതി വാങ്ങി വരുണിനെ അറസ്റ്റുചെയ്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ട നടപടികള്‍ ആരംഭിക്കും – അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു.
വരുണ്‍ വിവാഹവാഗ്ദാനം നല്‍കിയാണ് യുവതിയെ ശാരീരികബന്ധത്തിന് സമ്മതിപ്പിച്ചത്. ഉഭയസമ്മതപ്രകാരമാണ് ഇരുവരും ബന്ധപ്പെട്ടതെങ്കിലും യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ ഇയാളുടെ പ്രവൃത്തി പീഡനമായി കണക്കാക്കപ്പെടും. ചതിയിലൂടെ പീഡിപ്പിച്ചു എന്നാണ് കേസ് പരിഗണിക്കപ്പെടുക – എസിപി നിധി സക്സേന വ്യക്തമാക്കി. വരുണ്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപിച്ച മറ്റ് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply