ന്യൂഡല്‍ഹി: കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധി മരിവിപ്പിക്കാതെ സുപ്രീം കോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
1990ലെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ബിജെപിയുടെ പകപോക്കലെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്ന് പ്രതികരിച്ചത്.
ഇതിനിടയില്‍ 1997ലെ കസ്റ്റഡി പീഡനക്കേസില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടിരുന്നു. കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലായിരുന്നു കഴിഞ്ഞ വര്‍ഷം കോടതി വിധി പറഞ്ഞത്.
2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നല്‍കിയതോടെയാണ് താന്‍ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായതെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. മുംബൈ ഐഐടിയില്‍നിന്ന് എംടെക് നേടിയ ഭട്ട് 1988ലാണ് ഐപിഎസ് നേടിയത്. 1999 മുതല്‍ 2002 വരെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.