ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാല്‍ഗുനി പാണ്ഡ്യ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സുനിത വില്യംസ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂര്‍വ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടന്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഫാല്‍ഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും സുനിത വില്യംസ് കുടുംബത്തോടൊപ്പം ധാരാളം സമയം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവളുടെ ഇഷ്ടം ആയിരിക്കുമെന്നും ഫാല്‍ഗുനി പാണ്ഡ്യ പ്രതികരിച്ചു.
59 കാരിയായ ബഹിരാകാശയാത്രികയായ സുനിത വില്യംസ് തനിക്ക് മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. നമുക്കെല്ലാവര്‍ക്കും അവള്‍ ഒരു മാതൃകയാണ്. ഫാല്‍ഗുനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു. പ്രധാനമന്ത്രി മാര്‍ച്ച് ഒന്നിന് എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് എക്‌സില്‍ പങ്കുവെച്ചത്. യുഎസ് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജോ ബൈഡനെയും കണ്ടപ്പോള്‍ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായി മോദി കത്തില്‍ പറയുന്നു.
1.4 ബില്യണ്‍ ഇന്ത്യക്കാര്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു. സമീപകാല സംഭവവികാസങ്ങള്‍ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രകടമാക്കിയിരിക്കുന്നു. അദ്ദേഹം കുറിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply