കൊച്ചി: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നോബി ലൂക്കോസ് ഷൈനിയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. നോബിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. മുമ്പ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നോബി നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 28 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. കോട്ടയം നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂര്‍ സ്റ്റേഷന് മുമ്പുള്ള പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. പള്ളിയില്‍ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്‌നങ്ങളും, ബിഎസ്സി നേഴ്‌സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.